Enter your Email Address to subscribe to our newsletters

Kerala, 14 ഡിസംബര്‍ (H.S.)
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് – ആന്റോ ആന്റണി പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / Roshith K