Enter your Email Address to subscribe to our newsletters

New delhi , 15 ഡിസംബര്‍ (H.S.)
നിതിന്‍ നബീന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിന്‍ ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.
പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചര്‍ച്ചയിലും ഉയര്‍ന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ബിഹാര്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളില്‍ മന്ത്രിയാണ് നാലാം വട്ടം എംഎല്‍എ ആയ നിതിന്‍ നബീന്‍. മുതിര്‍ന്ന ബിജെപി നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ് നിതിന്‍ നബീന്‍. 2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിന്‍ നബീന്‍ പറ്റ്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് രണ്ടായിരത്തി പത്തു മുതല്‍ ബങ്കിപൂര്‍ സീറ്റില്‍ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിന്റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാര്‍ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.
2019 ആദ്യം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ ശേഷമാണ് ജെപി നദ്ദ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും. വര്‍ക്കിംഗ് പ്രസിഡന്റായ നിതിന്‍ നബീന്‍ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴിയൊരുങ്ങുന്നത്.
---------------
Hindusthan Samachar / Sreejith S