Enter your Email Address to subscribe to our newsletters

Ernakulam , 15 ഡിസംബര്‍ (H.S.)
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരെന്ന ചോദ്യവുമായി കോടതി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും കോളും വന്നിരുന്നു. നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇവരെ കേസിൽ സാക്ഷിയാക്കുകയോ ഫോണിൻ്റെ വിശദാംശങ്ങൾ ഹാജരാക്കുകയോ ചെയ്തില്ലെന്ന് കോടതി വിധി പകർപ്പിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷൻ പറയുന്നുണ്ട്. അവരിലേക്ക് എന്തുകൊണ്ട് അന്വേഷണം പോയില്ലെന്ന് കോടതി ചോദിച്ചു.
ഒരു മാഡം ക്വട്ടേഷൻ തന്നു എന്ന് മൊഴിയുള്ള സ്ഥിതിക്ക് ഇവരെക്കുറിച്ച് അന്വേഷിക്കാത്തതിൽ കോടതി സംശയം പ്രകടിപ്പിച്ചു. അതേസമയം കേസിലെ വിചാരണ കോടതി വിധിക്കെതിരെ ഉടൻ സർക്കാർ അപ്പീൽ നൽകും. നിയമവിദഗ്ദരുമായി ചർച്ചകൾ തുടങ്ങി. പത്ത് ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
അതേസമയം ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി പറഞ്ഞു. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / Roshith K