Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഡിസംബര്‍ (H.S.)
സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തര്‍ധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത 'ആദി സ്‌നേഹത്തിന്റെ വിരുന്നു മേശ'.
ദാമ്പത്യ ജീവിതത്തില്‍ മൂന്നാമതൊരാളുടെ സാന്നിധ്യം എത്രത്തോളം വിള്ളല്‍ തീര്‍ക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങള്‍ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
'സിനിമയില്‍ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തര്‍ധാരകളെ ഞാന്‍ അന്വേഷിക്കുന്നു. ഒരു നൈസര്‍ഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,' മിനി പറഞ്ഞു. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
ഒരു മുഴുനീള ഫീച്ചര്‍ ചിത്രം 40 മണിക്കൂറിനുള്ളില്‍ ഒരു ലൊക്കേഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്ന് സംവിധായിക പറഞ്ഞു. ചിത്രത്തില്‍ നാടകാഭ്യാസം കഴിഞ്ഞ കലാകാരരെ അഭിനയിപ്പിച്ചതും നേട്ടമായി.
'ഒരു ഡെലിഗേറ്റായും അഭിനേത്രിയായും മാത്രം വന്ന ഈ ചലച്ചിത്രോത്സവത്തില്‍ സംവിധായികയായി എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ബീന പോളിന്റെ സിനിമകളെ ആരാധിച്ചും, മുഖ്യധാരാ സംവിധായകരുടെ സഹ സംവിധായികയായി പരിശീലിച്ചും വെള്ളിത്തിര സ്വപ്നം കണ്ടുനടന്ന എനിക്ക്, ഈ അവസരം ഏറെ ആഗ്രഹിച്ച ഒരു അഭിമാന നിമിഷമാണ്,' മിനി ഐ ജി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S