Enter your Email Address to subscribe to our newsletters

Kottayam, 15 ഡിസംബര്‍ (H.S.)
കോട്ടയം: ജോസ് കെ മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനേയും മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ജോസ് കെ മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടി നില്‍ക്കുകയാണെന്നും അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.
ജോസ് കെ മാണിയുടെ പാര്‍ട്ടി ഇതുപോലെ തോറ്റ് തുന്നംപാടി നില്‍ക്കുമ്പോള്‍ അവരുടെ പിറകേ നടക്കേണ്ട നിലപാട് ഇപ്പോള്‍ യുഡിഎഫിന് ഉണ്ടോ? ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ഉള്‍പ്പടെ കേരള കോണ്‍ഗ്രസിന്റെ തടക്കകങ്ങളിലടക്കം യുഡിഎഫിന് ഉജ്വല വിജയമുണ്ടായപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്.
അവരുള്ളതിനേക്കാള്‍ മെച്ചപ്പെട്ട വിജയം അവരില്ലാത്തപ്പോള്‍ യുഡിഎഫ് നേടിക്കൊണ്ടിരിക്കുമ്പോള്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റുമായി യുഡിഎഫ് നേതാക്കള്‍ ഇനി ഇറങ്ങരുതെന്ന് അഭ്യർത്ഥിക്കുന്നു. മോൻസ് ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയില്‍ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
---------------
Hindusthan Samachar / Roshith K