Enter your Email Address to subscribe to our newsletters

New delhi, 15 ഡിസംബര്‍ (H.S.)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നു. പദ്ധതിയുടെ പേര് മാറ്റാനും ഫണ്ടിംഗ് പാറ്റേണ്‍ പരിഷ്‌കരിക്കാനും ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്ല് പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര മന്ത്രിസഭ.
എംജിഎന്‍ആര്‍ഇജിഎക്ക് പകരം പുതിയ പേരായി ശുപാര്‍ശ ചെയ്തിരിക്കുന്നത് വികസിത് ഭാരത്-ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവക മിഷന്‍ (ഗ്രാമീണ്‍) അഥവാ VB-G RaM G എന്നാണ്. പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
2005 ഓഗസ്റ്റ് 25-ന് പാര്‍ലമെന്റ് പാസാക്കിയ ഈ നിയമത്തില്‍, 2009-ലാണ് മഹാത്മാഗാന്ധിയുടെ പേര് കൂട്ടിച്ചേര്‍ത്തത്. പ്രതിദിനം 100 ദിവസത്തെ വേതനമുള്ള തൊഴില്‍ ദിനങ്ങള്‍ ഉറപ്പുനല്‍കുന്ന പദ്ധതിയില്‍ നിരവധി മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ 100 ദിവസത്തെ തൊഴില്‍ ഉറപ്പ് 125 ദിവസമായി ഉയര്‍ത്താന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടിംഗ് അനുപാതം നിലവിലെ 90:10 എന്നതില്‍ നിന്ന് 60:40 എന്നതിലേക്ക് മാറ്റും.
പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങള്‍ തീരുമാനിക്കാനുള്ള കൂടുതല്‍ അധികാരം കേന്ദ്രത്തിന് ലഭിക്കും. കൊയ്ത്തുകാലത്ത് ഉള്‍പ്പെടെ, സംസ്ഥാനങ്ങള്‍ക്ക് അവരുടെ സൗകര്യപ്രദമായ രണ്ട് മാസത്തേക്ക് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ അധികാരം നല്‍കും. ഡിസംബര്‍ 12-ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭേദഗതി ചെയ്ത ബില്ലിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
നിലവിലുള്ള ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പേര് മാറ്റുന്നതില്‍ മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. വര്‍ഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിലെ ക്രമക്കേടുകള്‍ ആരോപിച്ച് 2022 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പശ്ചിമ ബംഗാളിന് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ് ഫണ്ട് തടഞ്ഞുവെക്കാന്‍ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S