Enter your Email Address to subscribe to our newsletters

Kochi, 15 ഡിസംബര്‍ (H.S.)
ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണമില്ലെന്ന് ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍. വാസു. ഹൈക്കോടതിയിലാണ് ഇത്തരമൊരു നിലപാട് വാസു എടുത്തത്. ദേവസ്വം രേഖകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് ഹൈക്കോടതിയില്‍ വാസുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്‍. വാസുവിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദങ്ങള്‍ നടക്കവേയാണ് അഭിഭാഷകന്‍ ഇത്തരമൊരു വാദവുമായി എത്തിയത്. അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് ഹൈക്കോടതിയും മറുപടി നല്‍കി. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ പ്രതിയാക്കിയിരുന്നത്.
വാസുവിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങള്‍ പുരോഗമിക്കവേയാണ് ഹൈക്കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നത്. ശബരിമലയില്‍ കമ്മിഷണറായി ഉള്ളയാളായ വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാകേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. അവിടെ നേരത്തേ സ്വര്‍ണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നു. സ്വര്‍ണം പൂശാനുള്ള കത്ത് ദേവസ്വം ബോര്‍ഡിലേക്ക് കൈമാറുമ്പോള്‍ നേരത്തേ സ്വര്‍ണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഇതിന് പിന്നാലെയാണ് എന്‍. വാസുവിന്റെ അഭിഭാഷകന്‍ വ്യത്യസ്തമായ വാദവുമായി എത്തിയത്. കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഒരു രേഖയിലുമില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് കോടതി മറുപടിയും നല്‍കി.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്.
---------------
Hindusthan Samachar / Sreejith S