Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഡിസംബര്‍ (H.S.)
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ഉത്തരവാദികളായ മുന്‍ മന്ത്രിമാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവര്‍ക്ക് ഇതില്‍ പങ്കുണ്ട്. അറിവുണ്ട്. ഇത് വ്യക്തമായിട്ടു പോലും മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കുകയാണ്. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് ഈ സ്വര്‍ണ്ണക്കൊള്ള. രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഈ മോഷണത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാധാരണഗതിയില്‍ ക്രിമിനല്‍ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത നടപടി തൊണ്ടിമുതല്‍ കണ്ടെത്തുക എന്നുള്ളതാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താത്തത്? സ്വര്‍ണ്ണം എവിടെ പോയി? ഇന്നലെ ഞാന്‍ എസ്.ഐ.ടി (SIT) യുടെ മുമ്പില്‍ മൊഴി കൊടുത്തതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതുമായി ബന്ധപ്പെട്ടാണ്. സ്വര്‍ണം എവിടെ പോയി. അതിനു എന്തു സംഭവിച്ചു. ഇതിനുള്ള ഉത്തരം തേടുമ്പോഴാണ് പുൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വില്‍ക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു അന്വേഷണമാണ്. ആ അന്വേഷണത്തില്‍ ഏറ്റവും പ്രധാനമായി കണ്ടെത്തേണ്ടത് തൊണ്ടിമുതലാണ്. ആ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികളെ നമുക്ക് കണ്ടെത്താന്‍ കഴിയും. ഇത് നിഗൂഢമായ ഒരു വന്‍ തട്ടിപ്പാണ് ഇതിന്റെ പിന്നില്‍ നടന്നിട്ടുള്ളത്. അത് പുറത്തു വരണമെങ്കില്‍ അത് തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര ആന്റിക്സ് മാഫിയ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട് എനിക്കു ലഭിച്ച ചില വിവരങ്ങളാണ് ഞാന്‍ ഇന്നലെ എസ്.ഐ.ടി ക്കു കൊടുത്ത മൊഴി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ നിമിഷം വരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കാതെ അവരെ രാഷ്ട്രീയമായി സംരക്ഷിക്കുകയാണ്. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെമ്പ്, വിളക്കുകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയില്‍ ഞാന്‍ ശക്തമായി എതിര്‍ത്തു. ഞാന്‍ ദേവസ്വം ബോര്‍ഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികള്‍.വെക്കാന്‍ സ്ഥലമില്ലെന്നാണ് അന്ന് ഇവരുടെ ന്യായീകരണം. ഇത് പുരാവസ്തുക്കച്ചവടത്തിന്റെ തുടക്കമായിരുന്നു. ഈ പൗരാണിക സാധനങ്ങളുടെ കരിഞ്ചന്തയുമായുള്ള ബന്ധം അന്ന് തുടങ്ങിയതാണ്. ഞാന്‍ കത്ത് കൊടുത്ത് നിയമസഭയ്ക്കകത്ത് ഇത് ഉന്നയിച്ച ശേഷമാണ് അത് നിര്‍ത്തിവെച്ചത്. ഈ കൊള്ളയ്ക്ക് വലിയ വ്യാപ്തിയുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവന്‍ പുരാവസ്തുക്കളും വില്‍പന നടത്താനും അതില്‍ നിന്ന് വന്‍തോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വര്‍ണ്ണക്കൊള്ള എന്ന് വ്യക്തമാണ്.
ഏതായാലും കൂടുതല്‍ നടപടികള്‍ ഉണ്ടാകണം. തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / Sreejith S