Enter your Email Address to subscribe to our newsletters

New delhi 15 ഡിസംബര്‍ (H.S.)
ഉത്തർപ്രദേശിലെ പ്രശസ്തമായ ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ദർശന സമയം മാറ്റിയതിൽ സുപ്രീം കോടതി അധികൃതർക്ക് നോട്ടീസ് അയച്ചു. ക്ഷേത്രത്തിലെ പൂജാരിമാരുടെ വിഭാഗമായ ഗോസ്വാമി സമുദായം നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
ഉച്ചയ്ക്ക് നട അടയ്ക്കുമ്പോൾ പോലും, ദൈവത്തിന് വിശ്രമം നൽകുന്നില്ല. ഈ സമയവും അവർ ദൈവത്തെ ചൂഷണം ചെയ്യുകയാണെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. ക്ഷേത്രത്തിന് പരമ്പരാഗതമായി വേനലിലും തണുപ്പിലും വെവ്വേറെ ദർശന സമയങ്ങൾ ഉണ്ടായിരുന്നു. ഈ സമയക്രമം വിഗ്രഹത്തിന് വിശ്രമം നൽകുന്നതിനും ആചാരങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു എന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്.
ക്ഷേത്രം അടച്ചിരിക്കുന്ന സമയത്തും കൂടുതൽ പണം നൽകുന്ന ചിലർക്ക് മാത്രം പൂജകൾ നടത്താൻ അവസരം നൽകുന്നു എന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ പരമ്പരാഗതമായ ചില ആചാരങ്ങൾ നിർത്തിവെച്ചെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ദർശന സമയം മാറ്റാൻ ഉത്തരവിട്ട ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉദ്യോഗസ്ഥർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് ജനുവരി ആദ്യവാരം വീണ്ടും പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S