Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഡിസംബര്‍ (H.S.)
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാര്‍ അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാന്‍ഡില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പൂജപ്പുരയിലുള്ള വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ ഏക ദിന പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. കര കൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ എന്നിവ വിപണനത്തിനായി തയ്യാറാക്കിയിരുന്നു.
മന്ത്രി വീണാ ജോര്‍ജ് ടീമിനെ അഭിനന്ദിച്ചു. ഈ ബ്രാന്‍ഡിംഗിലൂടെ കുട്ടികള്‍ നിര്‍മ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തി വരികയാണ്. വീടുകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാത്ത അതിജീവിതരായ പെണ്‍കുട്ടികളുടെ ദീര്‍ഘകാല പുനരധിവാസം ലക്ഷ്യമാക്കിയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള നിര്‍ഭയ സെല്ലിന്റെ മേല്‍നോട്ടത്തില്‍ തേജോമയ ഹോം പ്രവര്‍ത്തിച്ചു വരുന്നത്. എന്‍ട്രി ഹോമുകള്‍, മോഡല്‍ ഹോം എന്നിവിടങ്ങളിലെ കട്ടികളില്‍ അനുയോജ്യരായവരെ സൈക്കോളജിക്കല്‍ അസസ്മെന്റ് നടത്തി തെരഞ്ഞെടുക്കുകയും ഹോമിലെത്തിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത പരിശീലനം, ജീവിത നൈപുണ്യ പരിശീലനം എന്നിവ നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ഇതുവരെ 50 ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കി മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S