Enter your Email Address to subscribe to our newsletters

KANNUR, 16 ഡിസംബര്‍ (H.S.)
മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന് കൈപ്പത്തി നഷ്ട്ടപ്പെട്ടു. പിണറായി വെണ്ടുട്ടായി കനാൽ കരയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിൻ്റെ കൈപ്പത്തി അറ്റുപോയി. നിലവിൽ കണ്ണൂരിലെ ചാലയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്.
സ്‌ഫോടനത്തെക്കുറിച്ച് പോലീസിനോട് വിപിൻ രാജ് നൽകിയ പ്രാഥമിക മൊഴി ഓലപ്പടക്കം പൊട്ടിയാണ് അപകടം ഉണ്ടായതെന്നാണ്. എന്നാൽ, വിപിൻ്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പൊട്ടിയത് ബോംബാണോ എന്ന സംശയത്തിലാണ് പോലീസ്. വിപിൻ രാജ് നിരവധി കേസുകളിൽ പ്രതിയാണ്. സ്‌ഫോടക വസ്തുക്കൾ ഇയാളുടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നുവെന്നാണ് പോലീസിൻ്റെ നിഗമനം.
തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂർ മേഖലയിൽ സംഘർഷ സാധ്യത ഉടലെടുത്തിട്ടിരുന്നു. യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ കുന്നോത്തുപറമ്പിൽ സിപിഎം സ്‌തൂപം നശിക്കപ്പെട്ടിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ ബോംബ് സ്ഫോടന ദൃശ്യങ്ങളും കൊലവിളികളും മുഴങ്ങി കേട്ട് തുടങ്ങിയതിന് പിന്നലെയുണ്ടായ അപകടം ആശങ്ക ഉണർത്തുന്നതാണ്.
---------------
Hindusthan Samachar / Sreejith S