Enter your Email Address to subscribe to our newsletters

KOCHI, 16 ഡിസംബര്‍ (H.S.)
വയനാട് തുരങ്കപാത നിര്‍മാണം തുടരാമെന്ന് കേരള ഹൈക്കോടതി, പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് നിര്‍ണായക ഉത്തരവ്. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തുരങ്കപാതയില്‍ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പല വസ്തുതകളും മറച്ചു വച്ചാണ് പാരിസ്ഥിക അനുമതി തേടിയത് തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തുടര്‍ന്ന് കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടി. പിന്നാലെ കോടതി പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന തീരുമാനത്തില്‍ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ഉത്തരവ്. അതേസമയം, ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. അതിനായി ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു. ഒപ്പം, പദ്ധതി നടപ്പാക്കുന്നത് ജനക്ഷേമത്തിനാണെന്ന് ഓര്‍മയിലുണ്ടാവണമെന്നും നിര്‍മാണം നടക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
---------------
Hindusthan Samachar / Sreejith S