Enter your Email Address to subscribe to our newsletters

Ernakulam , 16 ഡിസംബര്‍ (H.S.)
എറണാകുളം: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് തിരിച്ചടി. നോട്ടീസിന്മേലുള്ള തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡി നടപടിക്കെതിരെ കിഫ്ബി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് മൂന്നു മാസത്തേക്കാണ് സ്റ്റേ.
മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു ഇഡി നോട്ടീസ്. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും, ഇഡി സ്പെഷൽ ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിഫ്ബി കോടതിയെ സമീപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്നാണ് കിഫ്ബി വാദം. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് മുന്നോടിയായി ഇഡിയോട് സത്യവാങ്മുലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം, മുഖ്യമന്ത്രിയെയും തന്നെയും കിഫ്ബി സിഇഒയെയും ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് വിശദീകരിക്കാൻ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. റിസർവ് ബാങ്കിന്‍റെ നിർദേശപ്രകാരം അനുവദനീയമായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. ഇഡിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതിലൂടെ നീതി ലഭിച്ചിച്ചുവെന്നാണ് കരുതുന്നത്, തോമസ് ഐസക് പറഞ്ഞു.
---------------
Hindusthan Samachar / Roshith K