Enter your Email Address to subscribe to our newsletters

NEW DELHI, 16 ഡിസംബര്‍ (H.S.)
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി കുറ്റപത്രം തള്ളി ഡല്‍ഹിയിലെ പ്രത്യേക പിഎംഎല്‍എ കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെയുള്ള കുറ്റപത്രമാണ് തള്ളിയത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടോ എഫ്ഐആറോ അല്ലെന്നും ആയതിനാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സമര്‍പ്പിച്ച പരാതി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
ഇ.ഡി ആരംഭിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. 'സത്യം വിജയിച്ചു. മോദി സര്‍ക്കാരിന്റെ വഞ്ചനയും നിയമവിരുദ്ധ നടപടികളും പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇഡിയുടെ നടപടികള്‍ പൂര്‍ണ്ണമായും നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയിരിക്കുന്നു' എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എക്‌സില്‍ കുറിച്ചു. അതേസമയം, ഈ ഘട്ടത്തില്‍ എഫ്ഐആറിന്റെ പകര്‍പ്പ് രാഹുലും പ്രിയങ്കയും അടക്കമുള്ള കേസിലെ പ്രതികള്‍ക്ക് നല്‍കാനാകില്ലെന്നും കോടതി വിധിച്ചു. അന്വേഷണം തുടരാന്‍ ഇഡിക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. യങ് ഇന്ത്യന്‍ കമ്പനി വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
---------------
Hindusthan Samachar / Sreejith S