Enter your Email Address to subscribe to our newsletters

New Delhi, 16 ഡിസംബര്‍ (H.S.)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദ് ചെയ്ത് പുതിയ നിയമം കൊണ്ടുവരാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഗാന്ധിജിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (വിബി- ജി റാം ജി) എന്ന തലക്കെട്ടോടെയാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നത്. വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്.
പുതിയ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കണം. തൊഴില്‍ ദിനങ്ങള്‍ പ്രതിവര്‍ഷം 100ല്‍ നിന്നു കുറഞ്ഞതു 125 ദിവസമാകും. നിലവിലെ നിയമത്തില്‍ നിന്നു വ്യത്യസ്തമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയെന്നതാണു ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാല്‍ സംസ്ഥാനം വഹിക്കേണ്ടിയും വരും. സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയാകുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഗാന്ധിജിയുടെ പേര് ഒഴിവാക്കി പുതിയ ബില്‍ കൊണ്ടുവന്നതില്‍ പാര്‍ലമെന്റില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചു. ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആര്‍എസ്എസ്-ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. വിദേശ മണ്ണില്‍പോയി, ഗാന്ധിജിക്കു പൂക്കള്‍ സമര്‍പ്പിക്കുന്ന മോദിയെ പോലുള്ളവരുടെ നടപടിയിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തിലാണ്. വിഷയത്തില്‍ ശക്തമായി പ്രതികരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S