Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഡിസംബര്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് നടിയും പങ്കെടുത്തത്. ഭാവനയും മുഖ്യമന്ത്രിയും സംസാരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
മതനേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ അദ്ദേഹം പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. 22-നാണ് ലോക്ഭവനിലെ വിരുന്ന്.
നേരത്തെ 26-ാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നടി പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് നടി അസ്മരി ഹഖ്, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്. ചലച്ചിത്രമേള വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല.
---------------
Hindusthan Samachar / Sreejith S