Enter your Email Address to subscribe to our newsletters

Thiruvanatahpuram, 16 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത തിരുവനന്തപുരം ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അതിജീവിതയ്ക്ക് ശക്തമായ ഉറപ്പുകളാണ് മുഖ്യമന്ത്രി നല്‍കിയത്. കേരള ജനത ഒപ്പമുണ്ടെന്നും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിചാരണക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ തന്നെ അപ്പീല്‍ നല്‍കും. കേസിലെ പ്രതി മാര്‍ട്ടിന്റെ വീഡിയോക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രോസിക്യൂട്ടര്‍മാര്‍ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കേസില്‍ അപ്പീല്‍ സാധ്യതകള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നേരത്തെ തയ്യാറാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ആറ് പ്രതികള്‍ക്കും കോടതി 20 വര്‍ഷം കഠിന തടവാണ് വിധിച്ചത്. എന്നാല്‍, വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞ കാലയളവ് കുറച്ചാണ് ഇവര്‍ ഇനി ശിക്ഷ അനുഭവിക്കേണ്ടത്. ആര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടില്ല. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയത്. എല്ലാ പ്രതികളും 40 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ആദ്യം പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആയിരിക്കും.
---------------
Hindusthan Samachar / Sreejith S