Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഡിസംബര്‍ (H.S.)
ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അക്കാദമിക്ക് നോട്ടീസ് അയച്ചു. പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ സ്‌ക്രീനിംഗ് ഘട്ടങ്ങള്‍ക്കിടയില്‍ സെലക്ഷന്‍ കമ്മിറ്റി ജൂറി ചെയര്‍മാന്‍ ആയിരുന്ന കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്ന് പരാതിക്കാരി അക്കാദമിയെ അറിയിച്ചിരുന്നു.
മൊഴിയുടെ വെളിച്ചത്തില്‍, ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നല്‍കിയത്. പരാതി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ കുക്കു പരമേശ്വരന്‍ സ്ഥിരീകരിച്ചിരുന്നു. പക്ഷെ അക്കാദമി കാര്യമായ നടപടികള്‍ ഒന്നും എടുത്തിട്ടില്ല.
പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S