Enter your Email Address to subscribe to our newsletters

Kozhikode, 16 ഡിസംബര്‍ (H.S.)
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത് വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതി കൂടിയാണിത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കും. പൊലീസിൽ പരാതി നൽകുമെന്നും തെറ്റ് ചെയ്ത പ്രവർത്തകരെ തള്ളി പറയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും ഉണ്ണി പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീർ രംഗത്തെത്തി. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീർ പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് ഏതെങ്കിലും തരത്തിൽ മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണ്. പച്ചവെള്ളം തളിച്ചതിനെ ചാണകവെള്ളം ആക്കി പ്രചാരണം നടത്തുകയാണ്. ആദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Roshith K