തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ബില്‍ നിലവില്‍ വന്നാല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും - രമേശ് ചെന്നിത്തല
Thiruvanathapuram, 16 ഡിസംബര്‍ (H.S.) തിരുവനന്തപുരം: മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരണ്ടി ആക്ട് അഥവാ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും പുതിയ ബില്‍ നിലവില്‍ വന്നാല്‍ കേരളത്തിലെ പാതിയോളം
Ramesh Chennithala.


Thiruvanathapuram, 16 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരണ്ടി ആക്ട് അഥവാ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും പുതിയ ബില്‍ നിലവില്‍ വന്നാല്‍ കേരളത്തിലെ പാതിയോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് പട്ടിണി തുടച്ചു മാറ്റിയ, ഓരോ തൊഴിലാളിയുടെയും വീട്ടമ്മമാരുടെയും കയ്യില്‍ പണമെത്തിച്ച് അവരുടെ ജീവിത സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്ന ഏറ്റവും ആശയസമ്പന്നമായ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കുക മാത്രമല്ല, ആ പദ്ധതിയുടെ അന്ത: സത്ത തന്നെ നശിപ്പിച്ച് കോടിക്കണക്കിന് തൊഴിലാളികള്‍ ഇതില്‍ നിന്നും പുറത്താകുന്ന രീതിയിലാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവികാ മിഷന്‍ (ഗ്രാമീണ്‍) എന്നാണ് തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്. ഈ പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ കോടിക്കണക്കിന് തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു പുറത്താകും. കാരണം ഓരോ സംസ്ഥാനത്തും ഗ്രാമീണ മേഖല ഏത് എന്നു നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണം എന്നു അംഗീകരിക്കാത്ത മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഈ സ്‌കീമില്‍ നിന്നു പുറത്താകും. സെമി അര്‍ബന്‍ ലാന്‍ഡ്സ്‌കേപ്പ് ഉള്ള കേരളത്തെ ആയിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുന്നത്. എന്നു മാത്രവുമല്ല പദ്ധതി ചിലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്നാണ് പുതിയ നിബന്ധന.

ചുരുക്കത്തില്‍ യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത് മഹാത്മാഗാന്ധിയുടെ പേരില്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ എല്ലാ ജനോപകാര പ്രദമായ ഘടകങ്ങളും എടുത്തു കളഞ്ഞ് മഹാത്മജിയുടെ പേരുപോലും നീക്കം ചെയ്ത് ഇതിനു പരിമിതമായ ബജറ്റ് മാത്രം സൃഷ്ടിച്ച് ഊ പദ്ധതിയുടെ അന്ത:സത്ത നശിപ്പിച്ച് പുതിയ രൂപത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

ഇത് ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമമാണ്. അതിനെതിരെ ഇന്ത്യയിലെ ഓരോ ഗ്രാമഗ്രാമാന്തരങ്ങളിലും പ്രതിഷേധമുയരണം. ഓരോ തൊഴിലാളിയും ഓരോ ദരിദ്രനും ഈ തീരുമാനത്തെ ചെറുക്കണം. തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തെ റദ്ദു ചെയ്യാനുള്ള ഈ കരിനിയമത്തെ ചെറുത്തുനില്‍ക്കേണ്ടത് ഇന്ത്യന്‍ ജനതയുടെ കടമയാണ്. ഇന്ത്യയില്‍ നിന്ന് ഗാന്ധിസ്മൃതിപോലും നീക്കം ചെയ്യാനുള്ള അധമമായ ഈ തീരുമാനത്തെ പ്രബുദ്ധ ജനത ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടാകേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ വിദൂര ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് പട്ടിണിയെ അകറ്റി നിര്‍ത്തി ഗ്രാമീണ ജനതയെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നു യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി. അത് ഏറ്റവും ദരിദ്രനായ മനുഷ്യനെ പോലും സംരക്ഷിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി നെറ്റ് വര്‍ക്ക് ആയി. നേരിട്ട് തൊഴിലാളികളില്‍ പണമെത്തിക്കുന്നതു വഴി ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായും ഇല്ലാതാക്കി. ദാരിദ്ര്യം മൂലം ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ വെളിച്ചമായി. പട്ടിണി മൂലം ആത്മഹത്യാമുനമ്പില്‍ നിന്ന കുടുംബങ്ങളെ ജീവിത്തിലേക്കു തിരികെയെത്തിച്ചു. പണം നേരിട്ടു കയ്യിലെത്താന്‍ തുടങ്ങിയതോടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉപഭോഗം വര്‍ധിച്ചു. ക്രയവിക്രയങ്ങള്‍ കൂടി. ചെറുകിട ബിസിനസുകാരില്‍ ഊര്‍ജം നിറച്ചു. രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച അടിസ്ഥാനം നല്‍കി.

ആ ദിനങ്ങള്‍ അവസാനിക്കാന്‍ പോകുന്നു. ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനതയും രംഗത്തിറങ്ങണം. പ്രതിഷേധിക്കണം. സമരം ചെയ്യണം. ഇത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ് - ചെന്നിത്തല പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News