Enter your Email Address to subscribe to our newsletters

Kerala, 16 ഡിസംബര്‍ (H.S.)
കൊല്ലം: രാത്രിയുടെ മറവിൽ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. കൊട്ടാരക്കര പെരുങ്കുളം സ്വദേശി ദിനേശിന്‍റെ പെട്ടിക്കടയാണ് അഗ്നിയ്ക്കിരയാക്കിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ദിനേശിന്റെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വിമതർക്ക് വേണ്ടി തെരഞ്ഞടുപ്പ് പ്രചരണത്തിനിറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് ജീവിത മാർഗ്ഗമായ കട കത്തിച്ചതെന്നാണ് ദിനേശന്റെ ആരോപണം.
സിപിഎം പ്രവർത്തകനായ ദിനേശ് അടക്കം നിരവധി പ്രവർത്തകർ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ്. സിപിഎം വിമതർ ചേർന്ന്, ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ കോട്ടത്തല പടിഞ്ഞാറ് വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സൗമ്യ പി എസ്സിനെയും മൂഴിക്കോട് വാർഡ് പതിനഞ്ചിൽ എസ് ശ്രീകുമാറിനെയും മത്സരിപ്പിച്ചു. ശ്രീകുമാർ വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. ഇതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചതെന്ന് ദിനേഷ് പറയുന്നു.
ലിജു, രജനീഷ്, അരുൺ ബേബി തുടങ്ങിയവരാണ് ഭീഷണിപ്പെടുത്തിയതെന്നും ഇവർ ചേർന്നാണ് കട കത്തിച്ചതെന്നുമാണ് ദിനേശ് കൊട്ടാരക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
---------------
Hindusthan Samachar / Roshith K