Enter your Email Address to subscribe to our newsletters

Kerala, 16 ഡിസംബര്‍ (H.S.)
45 വര്‍ഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തി ബിജെപി പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആരാകണം എന്നതില്‍ ചര്‍ച്ചകള്‍ പലവിധം. 50 സീറ്റുകള്‍ നേടി മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മേയര്‍ സ്ഥാനത്തിന്റെ പേരില്‍ തര്‍ക്കം എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് നേതൃത്വം പുലര്‍ത്തുന്നത്.
വിവി രാജേഷ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ ഉയരുന്നുണ്ട്. കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന എംആര്‍ ഗോപന്‍, മുതിര്‍ന്ന കൗണ്‍സിലര്‍ കരമന അജിത്ത് എന്നിവരുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണമാണ് അതുകൊണ്ട് തന്നെ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കാനാണ് നിലവിലെ ധാരണ എന്നാണ് വിവരം.
ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഒരു പേരു കൂടി ഉയര്‍ന്ന് വരുന്നത്. സിപിഎം കുത്തകയാക്കി വച്ചിരുന്ന മണ്ണന്തലയില്‍ നിന്നും ജയിച്ചു വന്ന ബിജെപി നേതാവ് ചെമ്പഴന്തി ഉദയന്റെ പേരും ഇപ്പോള്‍ പരിഗണനയിലുണ്ട്. വലിയ തര്‍ക്കം ഒഴിവാക്കാന്‍ മറ്റൊരു പേര് എന്ന നിലയിലാണ് ഉദയനെ പരിഗണിക്കുന്നത്. നേരത്തെ ചെമ്പഴന്തിയില്‍ നിന്നും കോര്‍പ്പറേഷനിലേക്ക് ജയിച്ചു വന്ന ഉദയന്‍ പ്രതിപക്ഷത്തെ പ്രധാന പോരാളി ആയിരുന്നു.
ചെറുപ്രായം മതുല്‍ സംഘപരിവാര്‍ പ്രവര്‍ത്തനത്തില്‍ സജീവമായുളള ഉദയന്റെ പേരിനോട് ആര്‍എസ്എസിനും എതിര്‍ അഭിപ്രായമില്ല. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചെമ്പഴന്തി എന്ന് വിളിപ്പേരുള്ള ഉദയന്‍ അതുകൊണ്ട് തന്നെ നഗരപിതാവിന്റെ കസേരയില്‍ എത്തിയാലും അദ്ഭുതപ്പെടാനില്ല.
---------------
Hindusthan Samachar / Sreejith S