Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഡിസംബര്‍ (H.S.)
65 വയസിന് മുകളിലുള്ളവർക്കായി സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഗുണഭോക്താക്കളുടെ പ്രായം 65ൽ നിന്നും 60 വയസായി കുറയ്ക്കണമെന്ന ആവശ്യത്തിൽ സർക്കാർ അനുഭാവപൂർവ്വം പരിശോധിച്ച് തീരുമാനമെടുക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
വയോമിത്രം പദ്ധതി ഇപ്പോൾ 91 നഗരസഭാ പ്രദേശങ്ങളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് നടപ്പിലാക്കുന്നത്. വയോമിത്രം പദ്ധതിയുടെ ഒരു യൂണിറ്റിന് ഒരു വർഷത്തെ ചെലവ് 30 ലക്ഷം രൂപയാണെന്ന് സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. വയോമിത്രം പദ്ധതിയുടെ നിലവിലെ ബജറ്റ് വിഹിതം പദ്ധതി പ്രവർത്തനത്തിന് അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.തിരുവനന്തപുരം നഗരസഭയിൽ 48 വാർഡുകളിൽ വയോമിത്രം സേവനം ലഭിക്കുന്നുണ്ട്. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമേ നഗരസഭ 50,00,000 രൂപ നൽകുന്നുണ്ട്. നിലവിൽ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 2 യൂണിറ്റുകൾ കൂടി ആരംഭിച്ചാൽ എല്ലാ വാർഡുകളിലും സേവനം നൽകാം. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ യൂണിറ്റുകൾ ആരംഭിക്കാനാവില്ല.
നിലവിൽ 15 ദിവസത്തിലൊരിക്കൽ നടക്കുന്ന വയോമിത്രം ക്യാമ്പ് മാസത്തിൽ ഒന്ന് എന്ന രീതിയിലാക്കിയാൽ തിരുവനന്തപുരം നഗരസഭയിലെ മുഴുവൻ വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന വയോജന കൗൺസിൽ അംഗം എം. വിജയകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S