ചതുപ്പില്‍ കണ്ടെത്തിയത് കാണാതായ വിജിലിന്റെ അസ്ഥികള്‍ തന്നെ; ഡിഎന്‍എ റിപ്പോര്‍ട്ട് ലഭിച്ചു
Kerala, 16 ഡിസംബര്‍ (H.S.) എലത്തൂരില്‍ നിന്ന് നാല് വര്‍ഷം മുന്‍പ് കാണാതായ വിജിലിന്റെ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. കോഴിക്കോട് സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ റിപ്പോര്‍ട
vigil case


Kerala, 16 ഡിസംബര്‍ (H.S.)

എലത്തൂരില്‍ നിന്ന് നാല് വര്‍ഷം മുന്‍പ് കാണാതായ വിജിലിന്റെ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. കോഴിക്കോട് സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്തുക്കള്‍ ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

വിജില്‍ അവസാനമായി ഉണ്ടായിരുന്നത് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയതായി സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്. ചതുപ്പില്‍ ദിവസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ അസ്ഥിഭാഗങ്ങളാണ് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചത്.

2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനെ കാണാതായത്. അന്ന് പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീട് അന്വേഷണം നിലച്ചു. ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് വിജില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതാണ് വീട്ടില്‍നിന്ന് പോകാന്‍ കാരണം. പകല്‍ പലതവണ അമ്മ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്നു പറഞ്ഞ മകന്റെ ഫോണ്‍ രാത്രിയോടെ സ്വിച്ച് ഓഫ് ആയി. മുന്‍പും വീട് വിട്ടു പോവുകയും തിരിച്ചു വരികയും ചെയ്തിരുന്ന വിജില്‍ അത് പോലെ യാത്രപോയിക്കാണുമെന്നാണ് കുടുംബം കരുതിയത് . മൂന്ന് ദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതി നല്‍കിയത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല.

ഓരോ മിസ്സിങ് കേസും കൊലപാതകസാധ്യത മുന്‍നിര്‍ത്തി അന്വേഷിക്കണമെന്ന നിര്‍ദ്ദേശം വന്നതോടെയാണ് വിജില്‍ തിരോധാന കേസിലെ അന്വേഷണം ദ്രുതഗതിയിലായത്. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. തുടര്‍ന്ന് വിജിലിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തി. വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമാണെന്നും ഇതേസമയം വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും രഞ്ജിത്തും ദീപേഷും അവിടെ ഉണ്ടായിരുന്നെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് നിഖിലിനെയും ദീപേഷിനെയും വീണ്ടും ചോദ്യംചെയ്തു. പിന്നാലെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു.

സരോവരത്ത് എത്തിയ വിജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചു. അല്പസമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞുവീണെന്നും ലഹരിവിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നുപോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇതോടെ സുഹൃത്തുക്കള്‍ മൃതദേഹം ചതുപ്പിലൂടെ വലിച്ചിഴച്ച് ചവിട്ടിത്താഴ്ത്തുകയും സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളില്‍നിന്നും കല്ലുകള്‍ എടുത്ത് ശരീരത്തില്‍ കെട്ടുകയും ചെയ്തു. നാട് വിട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News