Enter your Email Address to subscribe to our newsletters

kolkata, 16 ഡിസംബര്‍ (H.S.)
തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 58 ലക്ഷം പേരുകള്‍ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. ഇരട്ടിപ്പുകളും പിശകുകളും ഒഴിവാക്കാന്‍ നടത്തിയ എസ്‌ഐആര്‍ പ്രക്രിയയുടെ ഭാഗമായാണ് ഈ നടപടി.
നീക്കം ചെയ്ത 58 ലക്ഷം പേരുകളില്‍ 24 ലക്ഷം മരിച്ചവരാണ്. കാണാതായവര്‍ 12 ലക്ഷമാണ്, 1.3ലക്ഷം ഇരട്ടിച്ച പേരുകളാണ്, 19 ലക്ഷം സ്ഥലത്തു ഇല്ലാത്തവരും. എസ്‌ഐആറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയില്‍ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവര്‍ക്ക് ആക്ഷേപം അറിയിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും അവസരമുണ്ട്. ഈ ആക്ഷേപങ്ങള്‍ പരിഗണിച്ച ശേഷം, അന്തിമ വോട്ടര്‍ പട്ടിക അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക വന്ന ഉടന്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പ് 2002ലാണ് ബംഗാളില്‍ എസ്‌ഐആര്‍ നടത്തിയത്.
എന്നാല്‍ 58 ലക്ഷം പേരുകള്‍ നീക്കം ചെയ്തതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ അനീതി എന്നാണ് എംപി സൗഗത റോയ് വിശേഷിപ്പിച്ചത്. ബംഗാളിലെ യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണിത്. വോട്ടര്‍ സഹായ ബൂത്തുകള്‍ സ്ഥാപിച്ച് പേരുകള്‍ ചേര്‍ക്കാന്‍ ജനങ്ങളെ സഹായിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി യോഗ്യരായ ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആര്‍ ഉപയോഗിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
പേരുകള്‍ ഒഴിവാക്കിയാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മമത നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പേരുകള്‍ വെട്ടിയാല്‍ അടുക്കല്‍ ഉപകരണങ്ങളുമായി രംഗത്തിറങ്ങണമെന്നാണ് മമത നേരത്തെ പറഞ്ഞത്. എന്നാല്‍, മമതയുടെ പ്രതിരോധം, അനധികൃത കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുന്ന അവരുടെ വോട്ട് ബാങ്കിനെ സംരക്ഷിക്കാനാണെന്നാണ് ബിജെപി ആരോപിച്ചത്. മരിച്ചവരും വ്യാജ വോട്ടര്‍മാരും നീക്കം ചെയ്യപ്പെടുന്നതാണ് തൃണമൂലിന്റെ ഭയത്തിന് കാരണമെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞത്.
---------------
Hindusthan Samachar / Sreejith S