Enter your Email Address to subscribe to our newsletters

ODISHA, 17 ഡിസംബര്‍ (H.S.)
സുഡാനിൽ ആഭ്യന്തര യുദ്ധത്തിനിടെ വിമത സേന ബന്ദിയാക്കിയ ഒഡീഷ സ്വദേശി ആദർശ് ബെഹ്‌റ ജന്മനാട്ടിൽ തിരിച്ചെത്തി. നീണ്ട 45 ദിവസത്തെ നരകയാതനകൾക്ക് ശേഷമാണ് അദ്ദേഹം തിരികെ എത്തുന്നത്. ബുധനാഴ്ച ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തിയ ആദർശിനെ കണ്ണീരോടെയും ആഹ്ലാദത്തോടെയുമാണ് കുടുംബം സ്വീകരിച്ചത്.
സുഡാനിലെ 'റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്' (RSF) എന്ന സംഘമാണ് ആദർശിനെ തട്ടിക്കൊണ്ടുപോയത്. ജയിലിലടച്ചും കാട്ടിലൂടെ നടത്തിച്ചും അവർ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആദർശ് പറഞ്ഞു. പല ദിവസങ്ങളിലും ഭക്ഷണം നൽകിയില്ല. ജീവനോടെ തിരിച്ചു വരുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് തന്റെ പുനർജന്മമാണെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
ആദർശിനെ കാണാതായ വാർത്ത പുറത്തുവന്ന ഉടൻ തന്നെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഇടപെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും അന്താരാഷ്ട്ര മധ്യസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്. ജഗത്സിംഗ്പുർ സ്വദേശിയായ ആദർശ് 2022ലാണ് സുഡാനിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ മെക്കാനിക്കായി ജോലിക്ക് പോയത്. അവിടെ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെയാണ് ഇദ്ദേഹം കുടുങ്ങിയത്.
മൂന്ന് വയസ്സുള്ള മകനും ഭാര്യയും അടങ്ങുന്ന കുടുംബം ആദർശിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇനിയൊരു ജോലിക്കായി വിദേശത്തേക്ക് പോകാൻ തന്റെ ഭർത്താവിനെ അനുവദിക്കില്ലെന്നും, ഒഡീഷയിൽ തന്നെ അദ്ദേഹത്തിന് എന്തെങ്കിലും ജോലി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആദർശിന്റെ ഭാര്യ അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S