Enter your Email Address to subscribe to our newsletters

Kozhikode, 17 ഡിസംബര്‍ (H.S.)
സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം ബ്ലെസ്‌ലിയെ ക്രൈംബ്രാഞ്ച് ഇന്ന് കോഴിക്കോട് കോടതിയിൽ ഹാജരാക്കും. ടെലിഗ്രാം വഴി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മോഷ്ടിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്‌ലിയെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജൻ്റ് അറസ്റ്റിലാവുന്നത്. ബിഗ് ബോസ് സീസണ്‍ നാലിലെ റണ്ണറപ്പായിരുന്നു ബ്ലെസ്‌ലി.ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ബ്ലെസ്‌ലി ഒത്താശ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലിയെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. പിന്നാലെയാണ് അന്വേഷണ സംഘം ബ്ലെസ്‍ലിയിലേക്ക് എത്തിയത്. സമാനമായ രീതിയിൽ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്നും അവരെ പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR