Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഡിസംബര്‍ (H.S.)
വിദേശരാജ്യങ്ങളിൽ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർഥികൾ ആശങ്കയിൽ. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് സൗകര്യം ലഭിക്കാതായതോടെയാണ് വിദ്യാർത്ഥികൾ പ്രതിസന്ധിയിലായത്. ആരോഗ്യവകുപ്പിന് നിരന്തരം പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നാണ് ആരോപണം.
യുഎസ്, കാനഡ, യുകെ, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്ന വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മടങ്ങിയെത്തുന്നവർക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാൻ സംസ്ഥാനത്ത് മതിയായ സൗകര്യങ്ങളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സർക്കാർ മെഡിക്കൽ കോളേജുകളിലുൾപ്പടെ മാനദണ്ഡപ്രകാരം ഇന്റേൺഷിപ്പിനുള്ള അവസരമില്ലാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. കുറഞ്ഞ ഫീസ് നിരക്കും, അത്യാധുനിക വിദ്യാഭ്യാസ രീതിയും ഉൾപ്പടെ മുൻനിർത്തിയാണ് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത്, എന്നാൽ മടങ്ങിയെത്തുമ്പോൾ ഇതാണ് അവസ്ഥ.
കേരളത്തിൽ ഇന്റേൺഷിപ് ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് അസോസിയേഷൻ ഓഫ് ഡോക്ടേഴ്സ് ആൻഡ് മെഡിക്കൽ സ്റ്റുഡൻസ് പറയുന്നു. അതേസമയം സംസ്ഥാനത്തിന് പുറത്ത് പോയി പരിശീലനം നേടാൻ കഴിയാത്തവർ കേരളത്തിൽ ഇന്റേൺഷിപ്പ് സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നുണ്ട്. ആകെ ഇന്റേൺഷിപ്പ് ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ ബിരുദധാരികളുടെ 7.5 % വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് നൽകാമെന്ന എൻഎംസി നിർദേശവും പാലിക്കപ്പെടുന്നില്ലെന്നാണ് ആരോപണം.
സംസ്ഥാനത്തുടനീളം സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും, യുവ ഡോക്ടർമാർക്കുള്ള ഇന്റേൺഷിപ് വിഷയത്തിൽ ഇവരും കൈമലർത്തുകയാണ്. പ്രത്യേക സർക്കാർ ഉത്തരവുകൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇന്റേൺഷിപ് സൗകര്യം നൽകാത്തത് എന്നാണ് വിശദീകരണം. സീറ്റുകളുടെ അപര്യാപ്തത, ഇന്റേൺഷിപ് സൗകര്യം ലഭിക്കാത്ത അവസ്ഥ എന്നിവ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് നിരന്തരം നിവേദനം നൽകുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ലെന്നാണ് വിദേശത്ത് പഠനം പൂർത്തിയാക്കിയ എം ബി ബി എസ് വിദ്യാർത്ഥികളുടെ ആരോപണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR