Enter your Email Address to subscribe to our newsletters

1HIRUVANATHAPURAM, 7 ഡിസംബര്‍ (H.S.)
വായു മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ വൈദ്യുതീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചരക്ക് വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനം ചര്‍ച്ച ചെയ്യുന്നതിനായി കെ എസ് ഇ ബി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴില്‍ സ്വകാര്യഭൂമിയില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരില്‍നിന്ന് താല്പര്യപത്രം സ്വീകരിക്കാന്‍ കെഎസ്ഇബി വികസിപ്പിച്ച വെബ്‌പോര്‍ട്ടല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തില്‍ ഇന്ന് ഭാരതത്തിലെ തന്നെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി മാറാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നത് ചെറിയൊരു നേട്ടമല്ല. പുതിയ വാഹന വില്‍പ്പനയുടെ 10 ശതമാനത്തിലധികം ഇന്ന് വൈദ്യുത വാഹനങ്ങളാണ് എന്നത് സംസ്ഥാന സര്‍ക്കാരിന്റെ 2019-ലെ വൈദ്യുതവാഹന നയത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും വികസിച്ചു വരുന്ന സാഹചര്യത്തില്‍ റോഡ് വഴിയുള്ള ചരക്ക് നീക്കം വര്‍ധിക്കുമെന്നും ഈ അവസരത്തിലാണ് മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വൈദ്യുതീകരണത്തിലൂടെ വ്യാവസായിക ലാഭവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാന്‍ നാം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷനുമായി (ഐസിസിടി) സഹകരിച്ചാണ്, 'ഡ്രൈവിംഗ് കേരളാസ് ഇ-ട്രക്ക് ഇക്കോസിസ്റ്റം വിത്ത് പിഎം ഇ-ഡ്രൈവ് സ്‌കീം' എന്ന പേരില്‍ സംസ്ഥാനതല ശില്‍പ്പശാല സംഘടിപ്പിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി (പവര്‍) പുനീത് കുമാര്‍ ഐ എ എസ്, കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ എ എസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐ എ എസ്, കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോദ് ശങ്കര്‍ ഐ ഒ എഫ് എസ്, എനെര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഹരികുമാര്‍, കെ എസ് ഇ ബി ഡയറക്ടര്‍ സജീവ് ജി, ചീഫ് എഞ്ചിനീയര്‍ ആശ പി.എ. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും, വൈദ്യുതി, ഗതാഗത യൂട്ടിലിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വൈദ്യുത ട്രക്ക്, ബസ് നിര്‍മ്മാതാക്കള്‍, ലോജിസ്റ്റിക്‌സ്, ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍, ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാര്‍, ധനകാര്യസ്ഥാപനങ്ങള്‍, സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S