Enter your Email Address to subscribe to our newsletters

Ernakulam, 17 ഡിസംബര്‍ (H.S.)
മസാല ബോണ്ടിലെ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇഡിയുടെ അപ്പീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അന്വേഷണം തുടരാന്‍ അനുമതി നല്‍കണമെന്നാണ് ഇഡിയുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കിഫ്ബിക്ക് അയച്ച നോട്ടീസില്‍ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേറ്റിങ്ങ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റ് ഇടപാടകുള്‍ക്ക് ഉപയോഗിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും മറുപടി ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്.
എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കല്ല, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചത് എന്നായിരുന്നു ഈ വിഷയത്തില്‍ കിഫ്ബി ഹൈക്കോടതിയില്‍ അറിയിച്ചത്. ഇഡി നോട്ടീസ് അയച്ചത് ചോദ്യം ചെയ്ത് കിഫ്ബിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR