Enter your Email Address to subscribe to our newsletters

New delhi, 17 ഡിസംബര്‍ (H.S.)
ഡല്‍ഹിയില്‍ വായുനില ഏറ്റവും മോശമായ നിലയില്‍. ഡിസംബര്‍ 15 ന് രാവിലെ 498 എക്യുഐ 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ രേഖപ്പെടുത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) ഡേറ്റ അനുസരിച്ച് തൊട്ടുമുമ്പത്തെ ദിവസത്തെ തുടര്‍ച്ചയായാണ് എക്യു ഐയിലെ ഈ വര്‍ധന. പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- GRAP IV ത്വരിതഗതിയില്‍ നടപ്പാക്കി.
GRAP IVല്‍ നോയിഡ, ഗുര്‍ഗോണ്‍, ഫരീദാബാദ് എന്നിവ ഉള്‍പ്പെടെ നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ മുഴുവന്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട അഞ്ചിന പ്രവര്‍ത്തന പദ്ധതി ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി, ബിഎസ്-VI മാനദണ്ഡങ്ങള്‍ക്ക് താഴെയുള്ള ഡല്‍ഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനം ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (PUC) സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 6 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ഫിസിക്കല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങള്‍ കാരണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ നിലവില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത രജിസ്റ്റര്‍ ചെയ്ത നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കും.
---------------
Hindusthan Samachar / Sreejith S