Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആവേശത്തിനിടയിൽ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാര ജേതാവ് പി പി കുഞ്ഞികൃഷ്ണൻ.
രാഷ്ട്രീയവും സിനിമയും ഒരുപോലെ സന്തോഷം നൽകുന്ന മേഖലകളാണെന്നും ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിനിമയിൽ എത്തുമ്പോൾ സംവിധായകന്റെയും തിരക്കഥയുടെയും കാഴ്ചപ്പാടിന് അനുസരിച്ച് മാറേണ്ടി വരുന്നു.
മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. സജീവ് പാഴൂർ തിരക്കഥയെഴുതി പ്രേംലാൽ സംവിധാനം ചെയ്ത 'പഞ്ചവത്സര പദ്ധതി' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കിടയിലാണ് പുരസ്കാര വാർത്ത തേടിയെത്തിയത്.
ഐഎഫ്എഫ്കെ പോലൊരു മേള ലോകത്തിന് തന്നെ മാതൃകയാണെന്നും ഇത്രയേറെ ജനപങ്കാളിത്തമുള്ള ചലച്ചിത്രമേളകൾ അപൂർവ്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമകൾക്ക് ഏർപ്പെടുത്തുന്ന അനാവശ്യ സെൻസർഷിപ്പുകളോട് തനിക്ക് യോജിപ്പില്ല. എല്ലാ സിനിമകളും പ്രദർശിപ്പിക്കാൻ സർക്കാർ എടുത്ത തീരുമാനം അഭിനന്ദനാർഹമാണ്.
നിഖില വിമൽ നായികയാകുന്ന 'പെണ്ണ് കേസ്’ ആണ് കുഞ്ഞികൃഷ്ണൻ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായതായും ഉടൻ റിലീസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ എട്ടോളം സിനിമകൾ ഡിസംബർ മാസത്തോടെ റിലീസിനായി ഒരുങ്ങുന്നുണ്ട്. സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് കുഞ്ഞികൃഷ്ണൻ്റെ തീരുമാനം.
---------------
Hindusthan Samachar / Sreejith S