Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
സിനിമയോട് അര്‍പ്പണബോധമുള്ള ചെറുപ്പക്കാരുടെ വലിയ നിര ഉണ്ടാകുന്നതാണ് മലയാള സിനിമയുടെ വിജയമെന്ന് സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍. 'മലയാള സിനിമ: ഇന്ത്യയുടെ പുതിയ സിനിമാറ്റിക് കോമ്പസ്' എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലയാള സിനിമ എത്തി നില്‍ക്കുന്ന ഉയരങ്ങള്‍ക്ക് കൃത്യമായ പാരമ്പര്യവും ചരിത്രവുമുണ്ട്. കോവിഡ്‌ന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ലോകസിനിമയെ കൂടുതല്‍ അറിയുന്നതിനും പഠിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളെ സ്വായത്തമാക്കുന്നതിനും ആളുകള്‍ തയ്യാറാകുന്നു. വാണിജ്യ സിനിമകളോടൊപ്പം കലാമൂല്യമുള്ള സിനിമകളും മലയാളത്തില്‍ സൃഷ്ടിക്കപ്പെടുന്നു. മലയാളം സിനിമ എന്നും ഇന്ത്യന്‍ സിനിമയ്ക്ക് മാര്‍ഗദര്‍ശിയായി മുന്നില്‍ ഉണ്ടാകുമെന്ന് ടി ഡി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ജെല്ലിക്കെട്ട് , ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ ഉദാഹരിച്ച് സംവിധായകന്‍ സുധീര്‍ മിശ്ര മലയാള സിനിമ കൈക്കൊണ്ട മാറ്റങ്ങളെ ചര്‍ച്ച ചെയ്തു. കേവലം സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല മഞ്ഞുമ്മല്‍ ബോയ്‌സ് എന്നും സിനിമാറ്റിക് ടെക്‌നിക്കളുടെ ശരിയായ ഉപയോഗത്തില്‍ നിര്‍മ്മിക്കപ്പെട്ട അതുല്യ സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഭ്രമയുഗ'ത്തിലൂടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാധ്യതയെ ഹൊററിലേക്ക് സമന്വയിപ്പിക്കുന്ന പുതിയ ആഖ്യാന രീതി സ്വീകരിച്ചുകൊണ്ട് രാഹുല്‍ സദാശിവന്‍ വ്യത്യസ്തത നിലനിര്‍ത്തി. 'ജെല്ലിക്കെട്ടി'ലൂടെ ലിജോ ജോസ് പെല്ലിശ്ശേരി അടയാളപ്പെടുത്തിയത് കേരളത്തിന്റെ ജീവിതം തന്നെയാണ്. ഇത്തരത്തില്‍ കൃത്യമായ രാഷ്ട്രീയം പറയുന്ന, ആശയത്തില്‍ ഊന്നിയ സിനിമകളാണ് മലയാള സിനിമയുടെ ഭാവി.
എങ്ങനെയാണ് കലാമൂല്യമുള്ള സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടതെന്ന് അഭിനേത്രിയും സംവിധായികയുമായ ആദിത്യ ബേബി സംസാരിച്ചു.
യുവ സംവിധായകന്‍ നടേശ് ഹെഡ്‌ഗെ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S