Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
വിവാദങ്ങള്‍ക്ക് ഒടുവില്‍ കേരള സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായതോടെ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് സിസ തോമസ് ചുമതലയേറ്റത്. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷം, പഴയ കാര്യങ്ങളൊന്നും നിലവില്‍ ഓര്‍ക്കുന്നില്ലെന്നും സിസാ തോമസ് പ്രതികരിച്ചു.
സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകും. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. അപാകതകള്‍ എല്ലാം പരിഹരിച്ച് മുന്നോട്ടുപോവും. സിസ തോമസ് എന്ന വ്യക്തിയല്ല കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും സിസാ തോമസ് പറഞ്ഞു. ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. മിനിട്ട്സ് ഒന്നും താന്‍ എടുത്തുകൊണ്ടുപോയിട്ടില്ല. പിന്നെ എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത്. തനിക്ക് കൃത്യമായ ലക്ഷ്യബോധമുണ്ട്. അത് മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ചില കുടിശ്ശിക സര്‍ക്കാര്‍ പിടിച്ചുവെച്ചിട്ടുണ്ട്. പെന്‍ഷന്‍ ഏഴുമാസം കഴിഞ്ഞാണ് ലഭിച്ചതെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയത്. വിസിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ എത്താത്തതിനാല്‍ സുപ്രീംകോടതി നേരിട്ട് നിയമനനടപടികളിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്. സുപ്രീം കോടതി അനുമതിയോടെ ആയിരുന്നു ഈ നിയമനം.
---------------
Hindusthan Samachar / Sreejith S