Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കള്‍) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
ഡിസംബര്‍ 24 (ബുധന്‍) വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26 (വെള്ളി) നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 (തിങ്കള്‍). ജനുവരി 13 ന് (ചൊവ്വ) രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍.
മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം,എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍,തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഡിസംബര്‍ 9,11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥിയായിരുന്നവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. പുതുതായി പത്രിക സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം. എന്നാല്‍ വോട്ടെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വം നിലനില്‍ക്കില്ല. അവര്‍ വീണ്ടും മത്സരിക്കാന്‍ താല്പര്യപ്പെടുന്നപക്ഷം പുതുതായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് 2026 ഫെബ്രുവരി 12 നകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. മൂത്തേടം,പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.
---------------
Hindusthan Samachar / Sreejith S