Enter your Email Address to subscribe to our newsletters

Kollam, 17 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. ശ്രീകുമാറിന്റെ ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
ദ്വാരപാലക ശില്‍പങ്ങള്‍ ശബരിമലയില്‍ നിന്നും അറ്റകുറ്റപണിക്കായി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍. അതുകൊണ്ട് തന്നെ ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. വഇളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലാകാനുള്ളത്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് സമയത്ത് എസ്ഐടിയുടെ തുടര്‍നടപടികള്‍ മന്ദഗതിയിലായതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് മനസിലാക്കിയുള്ള സര്‍ക്കാര്‍ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നായിരുന്നു ആക്ഷേപം. എന്തായാലും തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എസ്‌ഐടി കൂടി പണി തുടങ്ങിയതോടെ സിപിഎം കടുത്ത ആശങ്കയിലാണ്. ഹൈക്കോടതിയുടെ നേരിട്ടുള്‌ല മേല്‍നോട്ടത്തിലെ അന്വേഷണം സിപിഎമ്മിനെ അത്രമാത്രം ഭയപ്പെടുത്തുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S