Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി. അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണു നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ഫോണിലൂടെയാണ് എസ്‌ഐടി വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നു മണിക്കൂറോളം വ്യവസായിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. വൈകാതെ നേരിട്ട് മൊഴിയെടുക്കും.
പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നാണ് സൂചന. രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴി ലഭിച്ചതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണസംഘത്തെ അറിയിച്ചത്.
ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തന്റെ കയ്യില്‍ തെളിവില്ലെന്നും വ്യവസായി തന്നോട് പങ്കുവച്ച വിവരം അന്വേഷണസംഘത്തെ അറിയിച്ചെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. വ്യവസായിയെപ്പറ്റിയുള്ള വിവരങ്ങളും എസ്‌ഐടിക്ക് ചെന്നിത്തല കൈമാറിയിരുന്നു.
---------------
Hindusthan Samachar / Sreejith S