ശബരിമല തീര്‍ഥാടനം: വലിയ വരുമാന വര്‍ദ്ധന; ഇതുവരെ 210 കോടി രൂപ
Sabarimala, 17 ഡിസംബര്‍ (H.S.) ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് റെക്കോര്‍ഡ് വരുമാനം. സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയില
sabarimala


Sabarimala, 17 ഡിസംബര്‍ (H.S.)

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് റെക്കോര്‍ഡ് വരുമാനം. സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താമസത്തിന് മുറിയെടുക്കുന്നവര്‍ക്ക് മുന്‍കൂറായി നല്‍കുന്ന നിക്ഷേപ തുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിക്ക് പരിഹാരമായി തുക തിരിച്ച് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കൗണ്ടറിലെ തിരക്ക് കാരണം പലര്‍ക്കും തുക മടക്കി വാങ്ങാന്‍ കഴിയാതെ വന്നിരുന്നു. ഇതേ തുടര്‍ന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റീഫണ്ട് കൗണ്ടര്‍ തുറക്കുന്നത്.

അക്കൊമൊഡേഷന്‍ ഓഫീസിലാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. അര്‍ഹതപ്പെട്ട മുഴുവന്‍ തുകയും ഭക്തര്‍ക്ക് തിരികെ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നത്. 500 മുറികളാണ് താമസത്തിനായി വിട്ടുനല്‍കുന്നത്. സോഫ്റ്റ് വെയറി ഇതിനുള്ള മാറ്റങ്ങളും ഏര്‍പ്പെടുത്തും. ഓണ്‍ലൈനായും ഓഫ്ലൈനായും മുറി ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂര്‍ നിക്ഷേപമായി നല്‍കുന്ന തുക തിരികെ നല്‍കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ നല്‍കുന്ന തുക തിരികെ അക്കൗണ്ടിലേക്ക് നല്‍കുന്നതിന് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തും.

ഒരാള്‍ക്ക് 20 ടിന്‍ അരവണ നല്‍കുന്ന തീരുമാനം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാവര്‍ക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പന്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയത്ത് കൂടുതല്‍ അരവണ ഉത്പാദിപ്പിച്ച് കരുതല്‍ശേഖരം വര്‍ധിപ്പിക്കാനാകും.

തീര്‍ഥാടനകാലത്തിന്റെ ആദ്യ ആഴ്ചയില്‍ അരവണ വില്‍പ്പനയില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലായിരുന്നു. 45 ലക്ഷം അരവണ കരുതല്‍ ശേഖരവുമായാണ് ഈ വര്‍ഷത്തെ തീര്‍ഥാടന കാലം ആരംഭിച്ചത്. എന്നാല്‍ അഭൂതപൂര്‍വ്വമായ അരവണ വില്‍പ്പനയാണ് ഉണ്ടായത്. 3.5 ലക്ഷം ടിന്‍ അരവണ വില്‍പ്പനയാണ് ഒരു ദിവസം പ്രതീക്ഷിച്ചതെങ്കിലും ശരാശരി നാലര ലക്ഷം അരവണയാണ് വിറ്റത്. ഇത് കരുതല്‍ ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. നിലവില്‍. പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായുണ്ട്. മണ്ഡല പൂജ അടുക്കുന്ന സാഹചര്യത്തിലുണ്ടാകാവുന്ന ഭക്തരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്താണ് നിലവിലെ ക്രമീകരണം. അരവണ ഉത്പാദനം ഇതില്‍ വര്‍ധിപ്പിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. ഇപ്പോള്‍ മൂന്നു ലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷം കരുതല്‍ ശേഖരത്തില്‍ നിന്നുമെടുക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News