വയനാട് ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ വനത്തിലേക്ക് കയറിയെന്ന് വനംവകുപ്പ്
Wayanad, 17 ഡിസംബര്‍ (H.S.) പനമരം പടിക്കാംവയല്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ വനത്തിലേക്ക് കയറിയതായി വയനാട് നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 15ന് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പടിക്കാംവയല്‍ ഭാഗത്ത് വനം വകുപ്പ്
tiger attack


Wayanad, 17 ഡിസംബര്‍ (H.S.)

പനമരം പടിക്കാംവയല്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ വനത്തിലേക്ക് കയറിയതായി വയനാട് നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 15ന് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പടിക്കാംവയല്‍ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളില്‍ കടുവയുടെ ചിത്രം ലഭിച്ചിരുന്നില്ല. പടിക്കാംവയല്‍ മേഖലയിലും പരിസര പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളിലും നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ കടുവയുടെ ചിത്രങ്ങളോ കാല്‍പ്പാടുകളോ ലഭിച്ചില്ല. പിന്നീട് പുളിക്കല്‍ ഭാഗത്ത് വയലിനോട് ചേര്‍ന്ന് പുതിയ കല്‍പ്പാടുകള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആര്‍.ആര്‍.ടി ദൗത്യ സംഘത്തിന്റെ പരിശോധനയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പടിക്കാംവയല്‍, പുളിക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങും ഡ്രോണ്‍ പരിശോധനയും നടത്തി.

വനം വകുപ്പിന്റെ പരിശോധനയില്‍ കടുവയുടെ സഞ്ചാരദിശ പുളിക്കല്‍ ഭാഗത്ത് നിന്നും വയലിലൂടെ സഞ്ചരിച്ച് പുഴ കടന്ന് നെല്ലിയമ്പം റോഡിലേക്ക് നീങ്ങിയതായി കണ്ടെത്തി. പച്ചിലക്കാട്, പടിക്കാംവയല്‍, ചീക്കല്ലൂര്‍, പുളിക്കല്‍ ഭാഗങ്ങളില്‍ കണ്ടെത്തിയ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യൂ.ഡബ്ല്യൂ.എല്‍-112 ഐഡിയുള്ള കടുവയാണെന്നും വനം വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. നോര്‍ത്ത്-സൗത്ത് വയനാട് ഡിവിഷനുകളിലെയും കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ആര്‍.ആര്‍.ടി ടീമുകള്‍ ഉള്‍പ്പെടെ 85 ഓളം ജീവനക്കാര്‍ സുരക്ഷാ സന്നാഹങ്ങളോടെ ഒന്‍പത് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്ന വന്യമൃഗത്തെ മയക്കുവെടി വെച്ച് പിടികൂടാന്‍ എന്‍.ടി.സി.എ മാനദണ്ഡപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. വെറ്ററിനറി ടീം, കടുവയെ പിടികൂടാന്‍ കൂട്, കുങ്കിയാനകളെയും സജ്ജമാക്കി. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയുടെ കാല്‍പ്പാടുകള്‍ പിന്‍തുടര്‍ന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചീക്കല്ലൂര്‍, പുളിക്കല്‍, ചോയിക്കൊല്ലി, പുഞ്ചവയല്‍, മരാര്‍ക്കടവ് വഴി കടുവ പാതിരി റിസര്‍വ് വനമേഖലയിലേക്ക് പ്രവേശിച്ചതായി വനം വകുപ്പ് സ്ഥരീകരിച്ചു. കടുവ വനത്തിലേക്ക് പ്രവേശിച്ചതോടെ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായിട്ടുണ്ടെന്നും മേഖലയില്‍ വനം വകുപ്പ് പെട്രോളിന് തുടരുന്നതായും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News