മദ്യപാനത്തിനിടെയുള്ള തര്‍ക്കം; അരൂരില്‍ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു
Ernakulam, 18 ഡിസംബര്‍ (H.S.) മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്ത് പട്ടിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച കാപ്പ കേസ് പ്രതി മരിച്ചു. എരമല്ലൂർ രോഹിണി നിവാസില്‍ (ഇത്തിത്തറ) ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. ചികിത്സയില്‍ ക
Attack


Ernakulam, 18 ഡിസംബര്‍ (H.S.)

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്ത് പട്ടിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച കാപ്പ കേസ് പ്രതി മരിച്ചു.

എരമല്ലൂർ രോഹിണി നിവാസില്‍ (ഇത്തിത്തറ) ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ലിജിനും സുഹൃത്തും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഒരു പട്ടിക ഉപയോഗിച്ച്‌ സുഹൃത്ത് ലിജിന്റെ തലയില്‍ അടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജിൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എരമല്ലൂർ പുളിയ പള്ളി സാംസണ്‍ (26) ആണ് ലിജിനെ ആക്രമിച്ചത്.

നവംബർ നാലിന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്നും കടന്നുകളയാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് അന്ന് തന്നെ അരൂർ പോലീസ് പിടികൂടിയിരുന്നു. പിടിയിലായ സാസംണും നിരവധി കേസുകളിലെ പ്രതിയാണ്. തനിക്ക് അടിയേറ്റ ലിജിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ഇന്നലെ പുലർച്ചെയാണ് ലിജിന്റെ മരണം സ്ഥിരീകരിച്ചത്. ഇതോടെ വധശ്രമത്തിന് റിമാൻഡില്‍ കഴിയുന്ന സാംസണെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് അരൂർ പോലീസ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News