Enter your Email Address to subscribe to our newsletters

Mumbai , 18 ഡിസംബര്‍ (H.S.)
മുംബൈ: അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന കരാർ ഉറപ്പിക്കാൻ ശിവസേന യു.ബി.ടി തലവൻ ഉദ്ധവ് താക്കറെയും മുംബൈ നവനിർമ്മാൺ സേന (MNS) തലവൻ രാജ് താക്കറെയും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ ധാരണ പ്രകാരം ശിവസേന യു.ബി.ടി 120 മുതൽ 125 സീറ്റുകളിൽ വരെ മത്സരിക്കാനാണ് സാധ്യത. എം.എൻ.എസ് 80 മുതൽ 90 വരെ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയേക്കും.
സീറ്റ് വിഭജന ഫോർമുല: 2017-ലെ ബി.എം.സി തിരഞ്ഞെടുപ്പിൽ 84 സീറ്റുകളിലാണ് ശിവസേന യു.ബി.ടി വിജയിച്ചത്. ഈ 84 സീറ്റുകളും നിലനിർത്താൻ ഉദ്ധവ് താക്കറെയ്ക്ക് താൽപ്പര്യമുണ്ടെങ്കിലും എം.എൻ.എസ് ഇതിനോട് പൂർണ്ണമായി യോജിക്കുന്നില്ല. വോർളി, ദാദർ, കാലാചൗക്കി, മുളുണ്ട് ഭാണ്ഡുപ്പ് തുടങ്ങിയ മറാത്തി ഭൂരിപക്ഷ പ്രദേശങ്ങളിൽ തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് എം.എൻ.എസ് വാദിക്കുന്നു. അതിനാൽ ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്ന 84 സീറ്റുകളിൽ ചിലത് തങ്ങൾക്ക് വേണമെന്നാണ് രാജ് താക്കറെയുടെ ആവശ്യം.
മറാത്തി വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയെയും ഇടതുപക്ഷ പാർട്ടികളെയും സഖ്യത്തിന്റെ ഭാഗമാക്കാൻ താക്കറെ സഹോദരന്മാർ ആലോചിക്കുന്നുണ്ട്. ശരദ് പവാർ വിഭാഗം സഖ്യത്തിൽ ചേരുകയാണെങ്കിൽ അവർക്ക് 15 മുതൽ 20 വരെ സീറ്റുകൾ നൽകിയേക്കും.
മഹായുതി സഖ്യത്തിലെ ചർച്ചകൾ: ഭരണകക്ഷിയായ മഹായുതി സഖ്യത്തിലും ബി.എം.സി തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം മുറുകുകയാണ്. ബി.ജെ.പിയും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിൽ സീറ്റ് വിഭജനത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
തങ്ങളുടെ ശക്തമായ സംഘടനാ സംവിധാനവും ജനപിന്തുണയും ചൂണ്ടിക്കാട്ടി 90 മുതൽ 100 വരെ സീറ്റുകൾ വേണമെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം, ബി.ജെ.പി 135 മുതൽ 140 വരെ സീറ്റുകളിൽ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. 2017-ൽ ഇരു പാർട്ടികളും തനിച്ചാണ് മത്സരിച്ചിരുന്നത്. അന്ന് ശിവസേന 84 സീറ്റുകളും ബി.ജെ.പി 82 സീറ്റുകളുമാണ് നേടിയത്.
മുംബൈ, താനെ, നാസിക്, കല്യാൺ ഡോംബിവ്‌ലി എന്നിവിടങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും ഷിൻഡെ വിഭാഗം ശിവസേനയും സഖ്യമായി തന്നെ മത്സരിക്കുമെന്നാണ് സൂചന. സീറ്റ് വിഭജന കാര്യത്തിൽ മഹായുതി സഖ്യം ഏകദേശ ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / Roshith K