ഗാർഹിക പീഡനങ്ങൾ തടയാൻ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം : മനുഷ്യാവകാശ കമ്മീഷൻ
Thiruvanathapuram, 18 ഡിസംബര്‍ (H.S.) വർധിച്ചുവരുന്ന സ്ത്രീധന-ഗാർഹിക പീഡനങ്ങൾ തടയുന്നതിന് പ്രചാരണ പ്രവർത്തനങ്ങൾ പ്രായോഗികമായും കാര്യക്ഷമമായും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ
Kerala State Human Rights Commission


Thiruvanathapuram, 18 ഡിസംബര്‍ (H.S.)

വർധിച്ചുവരുന്ന സ്ത്രീധന-ഗാർഹിക പീഡനങ്ങൾ തടയുന്നതിന് പ്രചാരണ പ്രവർത്തനങ്ങൾ പ്രായോഗികമായും കാര്യക്ഷമമായും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന ബോർഡ് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ദൃശ്യ-ശ്രവ്യ സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീധന - ഗാർഹിക പീഡനങ്ങൾ തടയുന്നതിനുള്ള വ്യാപകപ്രചാരണം നടത്തി വരുന്നുണ്ടെന്ന് വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കേരള സ്ത്രീധന നിരോധന ചട്ടം 2004 ഭേദഗതി വരുത്തി വനിതാ-ശിശു വികസന ഓഫീസർമാരെ സ്ത്രീധന നിരോധന ഓഫീസർമാരായിനിയോഗിച്ചിട്ടുണ്ട്. ജില്ലാ സ്ത്രീധന നിരോധന ഓഫീസർമാർക്ക് ഉപദേശവും നിയമസഹായവും നൽകുന്നതിന് 5 അംഗങ്ങളെ ഉൾപ്പെടുത്തി ജില്ലാ അഡ്വൈസറി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. നിയമം ഫലപ്രദമായി നടപ്പിലാക്കാൻ വനിതാ-ശിശു വികസന വകുപ്പ് അംഗീകൃത ക്ഷേമ സ്ഥാപനങ്ങളെയും സംഘടനകളെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

പൊതുസ്ഥലങ്ങളിൽ സ്ത്രീ-ശാക്തീകരണ പോസ്റ്ററുകൾ പതിപ്പിക്കും, വിവാഹ മണ്ഡപങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രജിസ്ട്രേഷൻ ഓഫീസുകൾ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണം നടത്തും. വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയുടെ സന്ദേശം ആലേഖനം ചെയ്ത കാർഡുകൾ വിതരണം ചെയ്യും. സിനിമാ - സീരിയൽ രംഗങ്ങളിൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് എഴുതി കാണിക്കുന്നതുപോലുള്ള ആശയങ്ങൾ സാംസ്കാരിക വകുപ്പുമായി ചേർന്ന് നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. അഡ്വ. എം.എം. ഹുമയൂൺ സമർപ്പിച്ച പരാതിയിലാണ് നടപടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News