അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ; യുഡിഎഫ് ഒറ്റക്കെട്ടായി കണ്ണൂരിൻ്റെ മുഖച്ഛായ മാറ്റുമെന്ന് ആദ്യപ്രതികരണം
Kannur, 18 ഡിസംബര്‍ (H.S.) അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ. തീരുമാനം ഏകകണ്ഠമായെന്ന് സുധാകരൻ അറിയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര. പയ്യാമ്പലത്ത് നിന്ന് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇന
KERALA CONGRESS


Kannur, 18 ഡിസംബര്‍ (H.S.)

അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ. തീരുമാനം ഏകകണ്ഠമായെന്ന് സുധാകരൻ അറിയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര. പയ്യാമ്പലത്ത് നിന്ന് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.

പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണ് മേയർ പദവിയെന്ന് പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മേയർ അഡ്വ. പി. ഇന്ദിര പ്രതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി കണ്ണൂരിൻ്റെ മുഖച്ഛായ മാറ്റും. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിർവഹിക്കും. നിലവിൽ തുടങ്ങിവെച്ച പ്രവർത്തനങ്ങൾക്കൊപ്പം നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കും. അഴിമതി ആരോപണം കൊണ്ട് യുഡിഎഫിനെ പേടിപ്പിക്കാനാവില്ലെന്നും പി ഇന്ദിര പറഞ്ഞു.

ഭരണസമിതികൾ ഡിസംബർ 27ന് അധികാരമേറ്റെടുക്കാനിരിക്കെ യുഡിഎഫ് നേടിയ മറ്റ് കോർപ്പറേഷനുകളിൽ മേയർ സ്ഥാനാർഥികളിൽ ആശയക്കുഴപ്പം തുടരുകയാണ്. കൊല്ലം കോപ്പറേഷനിൽ ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ കൂടിയായ എ.കെ. ഹഫീസ് ഏകദേശം ഉറപ്പായി കഴിഞ്ഞു. കോർപറേഷൻ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലെത്തുന്ന യുഡിഎഫ് തർക്കങ്ങളില്ലാതെ ഭരണത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി കോർപറേഷനിൽ ദീപ്തി മേരി വർഗീസ്, മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. വനിതാ മേയർ വേണമെന്നതിനാൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസിനാണ് മുൻഗണന. അതേസമയം ജില്ലയിലെ കോൺഗ്രസിന്റെ ശക്തയായ വനിതാ നേതാവും മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഷൈനിക്ക് നേരത്തെ മേയർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. സൗമിനി ജെയിൻ മേയറായി എത്തിയപ്പോഴാണ് ടെം വ്യവസ്ഥയിൽ രണ്ടര വർഷം ഷൈനിക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ സൗമിനി പദവി ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ടു. ഇക്കുറി യുഡിഎഫ് അതിന് പരിഹാരം കാണുമോ എന്നതിലാണ് ആകാംഷ.

യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയ തൃശൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തിയതിന് പിന്നാലെ സംഘടനാ രംഗത്ത് നേതൃനിരയിലുള്ള നാലു പേരെയാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവിലെ കൗൺസിലർമാരും മഹിള കോൺഗ്രസ് നേതാക്കളുമായി ലാലി ജെയിംസ്, ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി മേയറുമായി സുബി ബാബു എന്നിവർക്കാണ് മുന്തിയ പരിഗണന. ക്രൈസ്തവ, നായർ - ഈഴവ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള കോർപ്പറേഷനിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള സാമുദായിക പരിഗണനകളും മേയർ തെരഞ്ഞെടുപ്പിൽ പരിഗണിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News