Enter your Email Address to subscribe to our newsletters

Kochi, 18 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കൂടുതൽ കോർപ്പറേഷനുകളിൽ ഡെപ്യൂട്ടി മേയർസ്ഥാനം ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. കണ്ണൂരിന് പുറമെ കൊല്ലം, കൊച്ചി കോർപ്പറേഷനുകളിലാണ് മുസ്ലിം ലീഗ് ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇത് മുന്നണിയ്ക്കകത്ത് അതൃപ്തിയ്ക്കും തർക്കത്തിനും കാരണമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എല്ലാ പാർട്ടികളും മികച്ച വിജയം നേടിയെങ്കിലും, മത്സരിച്ച സീറ്റുകളുടെ എണ്ണം നോക്കിയാൽ കൂടുതൽ നേട്ടമുണ്ടാക്കിയത് മുസ്ലീം ലീഗാണ്. 3203 വാർഡുകളിലാണ് മുസ്ലിം ലീഗ് ജയിച്ചത്. പഞ്ചായത്തുകളിൽ 2248 വാർഡുകളിലും, ബ്ലോക്ക് പഞ്ചായത്തിൽ 300, ജില്ലാ പഞ്ചായത്തിൽ 50 കോർപ്പറേഷൻ 36, മുനിസിപ്പാലിറ്റി 568 വാർഡുകളിലും ലീഗ് ജയിച്ചു. ഇതോടെ പലയിടങ്ങളിലും പദവികൾ വീതം വെക്കണമെന്ന ആവശ്യവുമായി ലീഗ് രംഗത്ത് വന്നിട്ടുണ്ട്.
കണ്ണൂർ കോർപ്പറേഷനിൽ മേയർ - ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ രണ്ടര വർഷം വീതം കോൺഗ്രസുമായി പങ്കിടും. ഇതിന് പുറമെ ആദ്യമായി പിടിച്ചെടുത്ത കൊല്ലം കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്. ഇവിടെ മുസ്ലീം ലീഗിന് രണ്ടും, ആർഎസ്‌പിക്ക് മൂന്നും കൗൺസിലർമാരുമാണുള്ളത്. അതുകൊണ്ടു തന്നെ ലീഗിനേക്കാൾ ഒരംഗം കൂടുതലുള്ള ആർഎസ്‌പി സെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയിൽ മുസ്ലീം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. കൊച്ചിയിലും ഡെപ്യൂട്ടി മേയർ സ്ഥാനം വേണമെന്നാണ് ലീഗ് ആവശ്യം. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ കഴിയില്ലെന്ന് ഒറ്റക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ് നേതൃത്വം അറിയിച്ചു ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച ടി.കെ. അഷ്‌റഫിനെ ഡെപ്യൂട്ടി മേയർ ആക്കണമെന്നാണ് ലീഗ് ആവശ്യം. ജില്ലാ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന തലത്തിൽ സമ്മർദ്ദം ചെലുത്താനാണ് ലീഗിന്റെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR