ആറളം വട്ടപ്പറമ്പിൽ 2 ആഴ്ചയ്ക്കിടെ വീണ്ടും കാട്ടാനയെത്തി
Kerala, 18 ഡിസംബര്‍ (H.S.) ഇരിട്ടി: ഇരിട്ടി ആറളം ഫാമിൽ വീണ്ടും ആനശല്യം. കീഴ്പ്പള്ളി വട്ടപ്പറമ്പ് ജനവാസ മേഖലയിൽ 17 ദിവസത്തിനിടെ വീണ്ടും കാട്ടാനയുടെ താണ്ഡവം. വ്യാപക കൃഷിനാശം വരുത്തി. ആറളം ഫാം ബ്ലോക്ക് 3 ൽ നിന്നു കക്കുവ പുഴ കടന്നു എത്തിയ ആന പുഴയോടു
ആറളം വട്ടപ്പറമ്പിൽ 2 ആഴ്ചയ്ക്കിടെ വീണ്ടും കാട്ടാനയെത്തി


Kerala, 18 ഡിസംബര്‍ (H.S.)

ഇരിട്ടി: ഇരിട്ടി ആറളം ഫാമിൽ വീണ്ടും ആനശല്യം. കീഴ്പ്പള്ളി വട്ടപ്പറമ്പ് ജനവാസ മേഖലയിൽ 17 ദിവസത്തിനിടെ വീണ്ടും കാട്ടാനയുടെ താണ്ഡവം. വ്യാപക കൃഷിനാശം വരുത്തി. ആറളം ഫാം ബ്ലോക്ക് 3 ൽ നിന്നു കക്കുവ പുഴ കടന്നു എത്തിയ ആന പുഴയോടു ചേർന്നുള്ള അന്തിനാട്ട് ഷാന്റോ മാത്യു, അന്തിനാട്ട് ജയിംസ് എന്നിവരുടെ കൃഷിയിടത്തിൽ വൻനാശം വരുത്തി. 30 കുലച്ച നേന്ത്രവാഴകൾ നശിപ്പിച്ചു. നിറയെ കായ്ഫലമുള്ള കമുക് ഉൾപ്പെടെ കുത്തിവീഴ്ത്തി.

ഷാന്റോ മാത്യു അര ലക്ഷം രൂപ മുടക്കി നിർമിച്ച സോളർ തൂക്കുവേലി തകർത്താണ് ആന കൃഷിയിടത്തിൽ എത്തിയത്. ഇന്നലെ പുലർച്ചെ 2ന് കമുക് മറിച്ചിടുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ആന കൃഷി നശിപ്പിക്കുന്നതാണെന്ന് മനസ്സിലായതെന്നു അന്തിനാട്ട് ജയിംസ് പറഞ്ഞു. പടക്കം പൊട്ടിച്ചാണ് ആനയെ കൃഷിയിടത്തിൽ നിന്നു തുരത്തിയത്. വനം വകുപ്പും സ്ഥലത്ത് എത്തിയിരുന്നു. കക്കുവ പുഴയുടെ മറുകര ആറളം ഫാം കൃഷിയിടമാണ്. കാട് വെട്ടിത്തെളിക്കാത്ത ഈ മേഖലയിൽ ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ഇവയാണ് രാത്രി പുഴ മുറിച്ചു കടന്നു ജനവാസ മേഖലയിൽ എത്തുന്നത്.

ഫാം അതിർത്തിയിൽ കർഷകരുടെ ഭൂമി സംരക്ഷിക്കാൻ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സോളർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത മൂലം ഇവ പരിപാലിക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല. ആനശല്യം രൂക്ഷമായതിനെ തുടർന്നു കഴിഞ്ഞ വർഷം പ്രദേശവാസികൾ വനം വകുപ്പ് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു. വന്യമൃഗങ്ങളിൽ സംരക്ഷണം നൽകുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പും നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Roshith K


Latest News