Enter your Email Address to subscribe to our newsletters

Kannur , 18 ഡിസംബര്‍ (H.S.)
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റോട്ട്, ഡിവിഷനൽ അസിസ്റ്റന്റ് മാനേജർ എസ്. ജയകൃഷ്ണൻ എന്നിവർ നേരിട്ടെത്തി പരിശോധിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റെയിൽവേ ഡിവിഷൻ മാനേജരുമായി കെ.സുധാകരൻ എംപി ചർച്ച നടത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനെ ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ അടിസ്ഥാന സൗകര്യം, സുരക്ഷ, ഭിന്നശേഷിക്കാർക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എംപി ചർച്ചയിൽ ഉന്നയിച്ചു. സ്റ്റേഷനിൽ പിറ്റ് ലൈൻ അടിയന്തരമായി സ്ഥാപിക്കൽ, റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തെ പ്രസ് ക്ലബ് മുനീശ്വരൻ കോവിൽ ഭാഗത്തുള്ള ഫുട്ഓവർ ബ്രിജിന്റെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കൽ, പ്ലാറ്റ്ഫോം നമ്പർ ഒന്നിനും രണ്ടിനുമിടയിൽ കുറഞ്ഞത് 12 അടി വീതിയുള്ള ഫുട്ഓവർ ബ്രിജ് നിർമിക്കൽ, വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു സമീപം എസ്കലേറ്റർ സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഡിവിഷൻ മാനേജരുടെ ശ്രദ്ധയിൽപെടുത്തി.
ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും ഘട്ടംഘട്ടമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും റെയിൽവേ ഡിവിഷൻ മാനേജർ എംപിക്ക് ഉറപ്പു നൽകി.അമൃത് പദ്ധതിയിലുൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി ഡിവിഷനൽ മാനേജർ വിലയിരുത്തി
---------------
Hindusthan Samachar / Roshith K