Enter your Email Address to subscribe to our newsletters

Kerala, 18 ഡിസംബര്‍ (H.S.)
കൊച്ചി കോർപ്പറേഷൻ ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് ലത്തീൻ സമുദായത്തിൽ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് സഭ. കൊച്ചി നഗരസഭാ പരിധിയിൽ ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുണ്ടെന്നും അതിനാൽ സമുദായത്തിൽ നിന്നുള്ള ഒരാൾ മേയറാകണമെന്നുമാണ് സഭയുടെ നിലപാട്. ആകെ 76 കൗൺസിലർമാരുള്ള കൊച്ചി കോർപ്പറേഷനിൽ 26 പേർ ലത്തീൻ സമുദായത്തിൽ നിന്നുള്ളവരാണ്. ഇതിൽ 18 പേർ യു.ഡി.എഫ് കൗൺസിലർമാരാണ്. വരാപ്പുഴ, കൊച്ചി, ആലപ്പുഴ രൂപതകൾക്ക് കീഴിലുള്ള തീരദേശ മേഖലകളിൽ സമുദായത്തിനുള്ള സ്വാധീനം കണക്കിലെടുത്ത് അർഹമായ പരിഗണന വേണമെന്നാണ് സഭ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്
എന്നാൽ, സാമുദായിക പരിഗണനകൾ നോക്കിയല്ല മേയറെ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. മേയറെ തീരുമാനിക്കാൻ പാർട്ടിക്ക് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.പി.സി.സി നിശ്ചയിക്കുന്ന നിരീക്ഷകന്‍റെ സാന്നിധ്യത്തിൽ ഡി.സി.സി യോഗം ചേരും. കൗൺസിലർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം. പാർട്ടിയുടെ തീരുമാനങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും അർഹമായ 'ബാലൻസ്' ഉണ്ടാകുമെന്നും എന്നാൽ അത് ജാതിയോ മതമോ നോക്കിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മേയർ സ്ഥാനത്തേക്ക് മൂന്ന് പ്രമുഖരുടെ പേരുകളാണ് കോൺഗ്രസിൽ ഉയർന്നു കേൾക്കുന്നത്: വി.കെ. മിനിമോൾ, ഷൈനി മാത്യു, ദീപ്തി മേരി വർഗീസ് എന്നിവരാണവർ. ലത്തീന്‍സഭയുടെ ആവശ്യം പരിഗണിക്കപ്പെട്ടാൽ മിനിമോളോ ഷൈനി മാത്യുവോ മേയറാകും. എന്നാൽ പാർട്ടി മാനദണ്ഡങ്ങൾക്കാണ് മുൻഗണനയെങ്കിൽ ദീപ്തി മേരി വർഗീസിനും സാധ്യതയുണ്ട്.
---------------
Hindusthan Samachar / Roshith K