Enter your Email Address to subscribe to our newsletters

New delhi, 18 ഡിസംബര്‍ (H.S.)
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബിജി റാം ജി (വികസിത് ഭാരത്ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) പദ്ധതിക്കുള്ള ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് 12നു ശേഷം ഗ്രാമീണവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മറുപടി നല്‍കും. തുടര്‍ന്ന് ബില്‍ പാസാക്കിയേക്കും.
വിബി ജി റാം ജി ബില്ലും ആണവോര്‍ജ ബില്ലും പാര്‍ലമെന്റ് സ്ഥിരം സമിതിക്കോ ജെപിസിക്കോ അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ പേര് പഴയതു പോലെ നിലനിര്‍ത്തുക, സംസ്ഥാനത്തിന് അധികസാമ്പത്തികബാധ്യത വരുന്ന വ്യവസ്ഥ ഒഴിവാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക തുടങ്ങിയ ഭേദഗതികള്‍ പ്രതിപക്ഷത്തെ ചില എംപിമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബില്ലിന്റെ പേര് 'മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ബില്‍, 2025' എന്നാക്കണമെന്നാണ് കെ.രാധാകൃഷ്ണന്‍ കൊണ്ടുവന്ന ഭേദഗതികളിലൊന്ന്. തൊഴിലാളിക്ക് വേതനം ലഭിക്കാന്‍ 15 ദിവസത്തില്‍ കൂടുതല്‍ താമസമുണ്ടായാല്‍ പിന്നീടുള്ള ഓരോ ദിവസത്തിനും 0.05% നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഭേദഗതിയാണ് ബെന്നി ബഹനാന്‍ മുന്നോട്ടുവച്ചത്. പ്രതിപക്ഷ എംപിമാരുടെ ഭേദഗതികള്‍ സര്‍ക്കാര്‍ സാധാരണ അംഗീകരിക്കാറില്ല. 60 ദിവസം തൊഴില്‍ നിര്‍ത്തിവയ്ക്കുന്ന വ്യവസ്ഥ കേരളത്തിന് തിരിച്ചടിയാകുമെന്നു കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S