Enter your Email Address to subscribe to our newsletters

Trivandrum , 18 ഡിസംബര്‍ (H.S.)
തിരുവനന്തപുരം:ഐ എഫ് എഫ് കെ യുമായി ബന്ധപ്പെട്ട് പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിക അതിക്രമ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വുമൺ ഇൻ സിനിമ കളക്ടീവ് (WCC). സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽ നടന്ന അതിക്രമത്തിൽ അധികൃതർ പുലർത്തുന്ന മെല്ലെപ്പോക്ക് അക്രമിയെ സഹായിക്കാനാണെന്ന് ഡബ്ല്യു.സി.സി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മലയാള സിനിമാ വിഭാഗം സെലക്ഷൻ കമ്മിറ്റി സിറ്റിങ് നടക്കുന്ന വേളയിലാണ് സമിതി അധ്യക്ഷനായ പി.ടി. കുഞ്ഞുമുഹമ്മദ് ഒരു യുവ ചലച്ചിത്ര പ്രവർത്തകയെ ലൈംഗികമായി കൈയേറ്റം ചെയ്തത്. ഇത് ഐ.എഫ്.എഫ്.കെയുടെ ഖ്യാതിക്ക് കടുത്ത ദോഷമുണ്ടാക്കുന്ന സംഭവമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
അതിക്രമം നേരിട്ട വ്യക്തി തന്നെ ഉന്നത അധികാരികളെ വിവരം അറിയിച്ചിട്ടും നിയമനടപടികൾ വൈകുന്നത് ആശങ്കാജനകമാണ്. കുറ്റാരോപിതനെ മേളയുടെ വേദികളിൽ നിന്ന് അകറ്റി നിർത്തുന്നത് ഉചിതമായ നിലപാടാണെങ്കിലും, അക്കാദമി എന്തുകൊണ്ട് ഇതുവരെ നിയമാനുസൃതമായ നിയമനടപടികൾ സ്വീകരിച്ചില്ലെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു.
തലമുതിർന്ന സംവിധായകനും മുൻ എം.എൽ.എയുമായ കുറ്റാരോപിതന് രാഷ്ട്രീയമായ വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന് രക്ഷപ്പെടാനുള്ള സമയം നൽകുന്നതാണോ അധികൃതരുടെ ഈ നിശബ്ദത എന്ന് സംഘടന സംശയം പ്രകടിപ്പിച്ചു. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാരിൽ നിന്ന് നീതിയുക്തമായ ഇടപെടൽ ഉണ്ടാകേണ്ട നിമിഷമാണിതെന്ന് ഡബ്ല്യു.സി.സി ഓർമ്മിപ്പിച്ചു.
---------------
Hindusthan Samachar / Roshith K