Enter your Email Address to subscribe to our newsletters

Kochi, 19 ഡിസംബര്‍ (H.S.)
'അണലി' എന്ന വെബ് സിരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) ഹൈക്കോടതിയെ സമീപിച്ചു.
കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണ് അണലി എന്ന വെബ് സിരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എതിർകക്ഷികള്‍ക്ക് നോട്ടീസ് അയയ്‌ക്കാൻ നിർദേശിച്ച ജസ്റ്റിസ് വി ജി അരുണ്‍, വെബ് സിരീസിന്റെ സംപ്രേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിരീസാണ് അണലി. ഇതിന്റെ ടീസറില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നതല്ലാതെ അഭ്യൂഹങ്ങളുടെ പേരില്‍ സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാരിനെയും കേസില്‍ കക്ഷിയാക്കാൻ നിർദേശിച്ചു.
ഹർജി ജനുവരി 15ന് വീണ്ടും പരിഗണിക്കും. ആദ്യ ഭർത്താവ് അടക്കം കുടുംബത്തിലെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈൻ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR